മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ പോലീസിനെ വെട്ടിച്ച് പ്രതി കൈവിലങ്ങുമായി കടന്നുകളഞ്ഞു. കുറ്റ്യാടി മരുതോങ്കര സ്വദേശിയായ അമീറാണ് ജയിൽ കവാടത്തിന് മുന്നിലെത്തിയപ്പോൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൊണ്ടോട്ടിയിൽ വച്ച് എംഡിഎംഎ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അമീറിനെ പോലീസ് പിടികൂടിയത്.
മയക്കുമരുന്ന് കേസിന് പുറമെ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികൾക്കായി ജയിലിലേക്ക് എത്തിച്ചപ്പോഴായിരുന്നു പോലീസിനെ ഞെട്ടിച്ചുകൊണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടത്.
പോലീസുകാരെ വെട്ടിച്ച് ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതിയെ പിടികൂടാൻ ഉദ്യോഗസ്ഥർ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെത്തുടർന്ന് ഇന്നലെ രാത്രി തന്നെ പോലീസും നാട്ടുകാരും സംയുക്തമായി മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.